ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ദേശീയ ബോധം ഈ പഞ്ചായത്തിലും അലയടിച്ചിരുന്നു. തൊട്ടടുത്തുള്ള പന്തലായനിമൂടാടി പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന സ്വാതന്ത്ര്യാഭിവാഞ്ഛസി.കെ.ഗോവിന്ദന്‍ നായര്‍, കേളപ്പജികുഞ്ഞിരാമന്‍ കിടാവ് എന്നിവരുടെ പ്രവര്‍ത്തനങ്ങളിലൂടെയുള്ള പ്രചോദനം ഇവ അരിക്കുളത്തെ ജനങ്ങളിലും ആവേശമുണര്‍ത്തി. 1930-കളില്‍ കൃഷിഭൂമിയ്ക്കുവേണ്ടിയുള്ള പോരാട്ടം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വളര്‍ന്നുവരാന്‍ തുടങ്ങി. അയിത്തത്തിനും ജന്മിത്വത്തിനും എതിരെ കുളത്തില്‍കുളിസാമൂഹ്യമായ പന്തിഭോജനം എന്നിവ സംഘടിക്കപ്പെട്ടു. കുടിയൊഴിപ്പിക്കല്‍, പാട്ടശീട്ട് കൊടുക്കാതിരിക്കല്‍, മേല്‍ച്ചാര്‍ത്ത്പാട്ടവര്‍ദ്ധനവ് എന്നിവക്കെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ രൂപം കൊണ്ടു. കൃഷിക്കാരില്‍ ഭൂരിഭാഗവും കുടികിടപ്പുകാരും പാട്ടകുടിയാന്‍മാരുമായിരുന്നു. ജന്മിമാരുടെയും നാട്ടുകോയ്മകളുടെയും തറവാടുകളില്‍ നടക്കുന്ന വിവാഹംശ്രാദ്ധംചോറൂണ് തുടങ്ങിയ വലുതും ചെറുതുമായ സകല ചടങ്ങുകള്‍ക്കും ആവശ്യമായ വിഭവ സമാഹരണത്തിന് കുടിയാന്മാരെയാണ് ഏല്‍പ്പിച്ചിരുന്നത്. ചേനനേന്ത്രക്കായഅരി എന്നുവേണ്ട എല്ലാ വിഭവങ്ങളും കുടിയാന്മാരില്‍ നിന്ന് ശേഖരിക്കുകയാണ് പതിവ്. ഇങ്ങിനെ കാഴ്ചവെക്കുന്നതിന് ഓശാരം വെക്കുക എന്നാണ് പറയാറ്. മുസ്ളീം കുടിയാന്മാര്‍ക്ക് പഞ്ചാരക്കലവും (മണ്‍കലത്തില്‍ ആറേകാല്‍ പലം) മുസ്ളീം ജന്മിമാര്‍ക്ക് നോമ്പോശാരവും പതിവായിരുന്നു. കൃഷിരീതിയില്‍ വലിയ അന്തരമുണ്ടായിരുന്നു. ഒരു പുകില്‍, രണ്ട് പുകില്‍ കൃഷികളേ ഉണ്ടായിരുന്നുള്ളു. ദുര്‍ലഭം സ്ഥലങ്ങളില്‍ പുഞ്ചയും നടത്തിവന്നിരുന്നു. ഉഴവുകാളകള്‍ കൃഷിക്കാരന്റെ ജീവിതത്തില്‍ മുഖ്യഘടകമായിരുന്നു. കാളപൂട്ട് മത്സരംകാളച്ചന്തകള്‍ എന്നിവ കര്‍ഷകസമൂഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ മുന്‍കാലങ്ങളില്‍ നാട്ടുകോയ്മകളുടെ കൈവശമുണ്ടായിരുന്ന കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പോയി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരാറുണ്ടായിരുന്നു. ഈ ഭൂമിയിലെ കൃഷിയ്ക്ക് അസ്ഥിര പുഞ്ചയെന്നായിരുന്നു പേര്‍ പറഞ്ഞിരുന്നത്. ജന്മിമാര്‍ക്കും കാര്യസ്ഥര്‍ക്കും തോന്നുന്നത് പാട്ടമായി ഈടാക്കി വന്നു. ഇത് ഏകദേശം വിളവിന്റെ പകുതിയോളം തന്നെ എത്തുമായിരുന്നു. കൂലി പണമായി നല്‍കി വന്നിരുന്നില്ല. നെല്ലായിരുന്നു കൊടുത്തിരുന്നത്. അന്യോന്യമുള്ള കൈമാറ്റങ്ങളിലും ഒന്നുകൊടുത്ത് മറ്റൊന്ന് സ്വീകരിക്കുന്ന സ്വഭാവമാണ് കൃഷിക്കാര്‍ സ്വീകരിച്ചുവന്നത്.

വിദ്യാഭ്യാസ ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തന്നെ ലോവര്‍ എലിമെന്ററി സ്കൂളുകള്‍ നിലവില്‍ വന്നു. പിന്നീട് പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം വിദ്യാലയങ്ങള്‍ ആവിര്‍ഭവിച്ചു. അക്കാലത്ത് സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നിലായിരുന്നു. ഒന്നാം ക്ളാസ്സില്‍ ചേര്‍ക്കുന്നതിനു മുമ്പുതന്നെ കുട്ടികളെ എഴുത്താശാന്മാരുടെ കീഴില്‍ നിലത്തെഴുത്തിന് ഇരുത്തുമായിരുന്നു. 1932-ല്‍ അരിക്കുളത്ത് ഒരു ഹയര്‍ എലിമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ഇവിടെ നിന്നാണ് ആദ്യമായി കുട്ടികളെ ഇ.എസ്.എല്‍.സി. പരീക്ഷയ്ക്ക് അയച്ചത്. എന്നാല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സൌകര്യം ഉണ്ടായിരുന്നില്ല. ഏഴും എട്ടും കിലോമീറ്റര്‍ നടന്നാണ് പഞ്ചായത്തിന് പുറത്തുള്ള ബോര്‍ഡ് ഹൈസ്കൂളില്‍ കുട്ടികള്‍ ഉപരിപഠനത്തിന് പോയത്. എട്ടാം സ്റ്റാന്‍ഡേര്‍ഡ് വരെ പ്രൈമറി തലത്തിലായിരുന്നു. ഹൈസ്കൂള്‍ തലത്തില്‍ 9,10,11 എന്നീ ക്ളാസ്സുകളായിരുന്നു. ഈ ക്ളാസ്സുകളെ യഥാക്രമം ഫോര്‍ത്ത് ഫോംഫിഫ്ത്ത് ഫോംസിക്സ്ത്ത് ഫോം എന്നിങ്ങനെയാണ് പേര് പറഞ്ഞിരുന്നത്. എട്ടാം ക്ളാസ്സിലെ പൊതുപരീക്ഷയുടെ പേരായിരുന്നു ഇ.എസ്.എല്‍.സി. ഈ പരീക്ഷയില്‍ പാസ്സാവുന്ന കുട്ടികളെ മാത്രമേ ഹൈസ്ക്കൂളില്‍ ഫോര്‍ത്ത് ഫോമില്‍ ചേര്‍ക്കുമായിരുന്നുള്ളു. ഓരോ കുട്ടിയും മാസത്തില്‍ ആറ് രൂപ ഫീസ് നല്‍കേണ്ടിയിരുന്നു. അക്കാലത്ത് ഇതൊരു വലിയ സംഖ്യയായിരുന്നു.

സാംസ്കാരിക ചരിത്രം

സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ അനൌപചാരിക വിദ്യാഭ്യാസം ഇവിടെ നിലവിലുണ്ടായിരുന്നു. കാരായാട് ഭാഗത്തും അരിക്കുളത്തും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അനൌപചാരിക വിദ്യാഭ്യാസ ക്ളാസ്സുകള്‍ നടത്തിയിരുന്നു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ഒരു ഓടുനിര്‍മ്മാണ കേന്ദ്രംവനിതാ നൂല്‍ നൂല്‍പ് കേന്ദ്രംവനിതാ നെയ്ത്തു കേന്ദ്രം എന്നിവ പഞ്ചായത്തിലുണ്ട്. പരമ്പരാഗത വ്യവസായങ്ങളില്‍ കളിമണ്‍ വ്യവസായവും കൊട്ടപായ് നെയ്ത്ത് വ്യവസായവും അസംസ്കൃത പദാര്‍ത്ഥങ്ങളുടെ ലഭ്യത കുറവായതിനാല്‍ മുരടിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പഞ്ചായത്താഫീസിന് മുമ്പില്‍ കൂടി കടന്നുപോകുന്ന കൊയിലാണ്ടി-അരിക്കുളം-അഞ്ചാം പീടിക പി.ഡബ്ള്യൂ.ഡി. റോഡാണ് ഏറ്റവും പ്രധാനപ്പെട്ട റോഡ്. ഈ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കാപ്പാടും പെരുവെണ്ണാമൂഴിയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ റോഡുമാണിത്. പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥാലയം ഇപ്പോള്‍ ആര്‍.കെ.സ്മാരക ഗ്രന്ഥശാല എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാമീണ ബന്ധു വായനശാലയാണ്.